കർണാടകയിലെ ഹണിട്രാപ്പ്; പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ബംഗളൂരു: ഹണി ട്രാപ് വിഷയത്തിൽ പ്രക്ഷുബ്ധമായി കർണാടക നിയമസഭ. സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സ്പീക്കർ യു.ടി. ഖാദറിന്റെ ഇരിപ്പിടത്തിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ എംഎൽഎമാർ അദ്ദേഹത്തിന്റെ നേർക്ക് പേപ്പർ കീറിയെറിഞ്ഞു. സിഡികൾ ഉയർത്തിക്കാട്ടിയും ബിജെപി എംഎൽമാർ ബഹളംവച്ചു. ബജറ്റ് സെഷന്റെ അവസാന ദിവസമായ ഇന്നലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബിജെപി ചീഫ് വിപ്പ് ദൊഡ്ഡണ്ണ ഗൗഡ പാട്ടീൽ, സി.എൻ. അശ്വത് നാരായൺ, എസ്.ആർ. വിശ്വനാഥ്, ബി.എ. ബസവരാജു, എം.ആർ. പാട്ടീൽ, ചന്നബസപ്പ, ബി. സുരേഷ് ഗൗഡ, ഉമാനാഥ് കൊട്ട്യാൻ, ശരണു സലാഗർ, ഡോ. ശൈലേന്ദ്ര ബെൽദേൽ, സി.കെ. രാമമൂർത്തി, യശ്പാൽ സുവർണ, ബി.പി. ഹരീഷ്, ഭരത് ഷെട്ടി, ധീരജ് മുനിരാജു, ചന്ദ്രു ലമാനി, മുനിരത്ന, ബസവരാജ് മാറ്റിമൂട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ട നിയമസഭാംഗങ്ങളെ മാർഷലുകൾ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു.
ഹണിട്രാപ്പിൽ കുടുങ്ങിയതായി മന്ത്രി കെ.എൻ. രാജണ്ണ സമ്മതിക്കുകയും രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ വ്യാപകമായ ശൃംഖല പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടിയതിനും പിന്നാലെയാണു ബഹളം ആരംഭിച്ചത്. കുറ്റക്കാരെന്നു കണ്ടെത്തുന്ന ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ ഉറപ്പുനൽകി. രാജണ്ണയുടെ ആരോപണങ്ങൾക്ക് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഇതിനകം മറുപടി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമാന പ്രതിഷേധം എംഎൽസിയിലും നടന്നു. ബിജെപി എംഎൽസിമാർ ബില്ലുകൾ കീറിയെറിഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം.
Source link