കുതിച്ചുയർന്ന് പ്രവാസിപ്പണമൊഴുക്ക്; മുന്നേറി കേരളം, ഇഞ്ചോടിഞ്ച് മഹാരാഷ്ട്ര, ഗൾഫിനെ മറികടന്ന് അമേരിക്ക

ന്യൂഡൽഹി∙ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതത്തിൽ കേരളം വീണ്ടും രണ്ടാമത്. കഴിഞ്ഞ സാമ്പത്തികവർഷം (2023–24) രാജ്യത്തേക്ക് വന്ന പ്രവാസിപ്പണത്തിന്റെ 19.7 ശതമാനവും കേരളത്തിലാണ്. പണംവരവ് സർവേയുടെ വിശദാംശങ്ങൾ റിസർവ് ബാങ്കാണ് പുറത്തുവിട്ടത്. 4 വർഷത്തിനിടെ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായിരുന്നതാണ് 19.7 ശതമാനമായി വർധിച്ചത്. അതേസമയം, 2 തവണയായി ഒന്നാമതുള്ള മഹാരാഷ്ട്രയുടെ വിഹിതം 35.2 ശതമാനത്തിൽ നിന്ന് 20.5 ശതമാനമായി കുറഞ്ഞു. ഫലത്തിൽ കേരളവും ഒന്നാമതുള്ള മഹാരാഷ്ട്രയും തമ്മിൽ 0.8 ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂ. മൂന്നാം സ്ഥാനത്ത് തമിഴ്നാടാണ് (10.4%).വിദേശപഠനത്തിനായി കേരളത്തിൽ നിന്ന് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം 2023ൽ കാര്യമായി വർധിച്ചുവെന്നു പറയുന്ന കേരള മൈഗ്രേഷൻ സർവേയും ആർബിഐ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് ഇതര രാജ്യങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികൾ പോകുന്നുവെന്നു തെളിയിക്കുന്നതാണ് കണക്കുകളെന്നും ലേഖനത്തിൽ പറയുന്നു.
Source link