KERALAMLATEST NEWS

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്. ഡിജിറ്റൽ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്.

ഹോസ്റ്റലുകളിലും ടോയ്‌ലറ്റുകളിലുമടക്കം രാസലഹരി തിരിച്ചറിയുന്ന കെമിക്കൽ സെൻസറുകൾ സ്ഥാപിക്കും. 60,000രൂപയാണ് ഒന്നിന്റെ വില. ഇതുവാങ്ങി അതിൽ എ.ഐ സംവിധാനം ഡിജിറ്റൽ സർവകലാശാല കൂട്ടിച്ചേർക്കും. രാസലഹരി തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും. വ്യവസായ ശാലകളിൽ രാസചോർച്ച കണ്ടെത്താൻ ഇവ ഉപയോഗിക്കുന്നുണ്ട്. അധികൃതർക്ക് സ്വയം മുന്നറിയിപ്പ് നൽകാനും ഇവയ്ക്ക് കഴിയും.

പുതിയ സിന്തറ്റിക് ലഹരികൾ തിരിച്ചറിയാനാവുന്ന പരിശോധനാ സംവിധാനം മൂന്നുമാസത്തിനകം സജ്ജമാക്കും.സാങ്കേതിക സംവിധാനങ്ങളൊരുക്കാൻ എ.ഐ വിദഗ്ദ്ധരടങ്ങിയ സംഘത്തെ സർവകലാശാല നിയോഗിച്ചു.

ലഹരിവിരുദ്ധ നടപടികൾക്ക് പണം ലഭ്യമാക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ, യു.ജി.സി, സന്നദ്ധസംഘടനകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഫണ്ട് ലഭിക്കും.

ലാബ് പരിശാേധനയിൽ തിരിച്ചറിയാനാവുന്നില്ല

1. ലഹരി പദാർത്ഥങ്ങളിലെ രാസഘടകങ്ങൾ അടിക്കടി മാറ്റുന്നതിനാൽ കെമിക്കൽ അനാലിസിസ് ലാബുകളിൽ കണ്ടെത്താനാവുന്നില്ല. തരി, പൊടി, സ്റ്റിക്കർ രൂപത്തിൽ വീര്യമേറിയ രാസലഹരി വിദേശത്തുനിന്നടക്കം എത്തിക്കുന്നു. തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ, കേസ് ദുർബലമാവും, പ്രതികൾ രക്ഷപെടും. എ.ഐ അധിഷ്‌ഠിത സംവിധാനമുണ്ടാക്കാൻ ലാബ് അധികൃതർ സർവകലാശാലയോട് അഭ്യർത്ഥിക്കുകയായിരുന്നു.

2. ലഹരി ഉപയോഗവും അസ്വാഭാവിക പെരുമാറ്റങ്ങളും കണ്ടെത്തി പൊലീസിനെയും എക്സൈസിനെയും കോളേജ് അധികൃതരെയും അറിയിക്കാൻ എ.ഐ അധിഷ്‌ഠിത ഡ്രോണുകളും ഉപയോഗിക്കും. ഡ്രോണുകളിൽ എ.ഐ പ്രോഗ്രാമിംഗ് നടത്തിയാണ് ഇത് സാദ്ധ്യമാക്കുക. പൊലീസിനും ഈ ഡ്രോണുകൾ ഉപയോഗിക്കാനാവും.

` ഏറ്റവും പുതിയ രാസലഹരിയും കണ്ടെത്താൻ എ.ഐയ്ക്ക് കഴിയും. ഇതിനുള്ള അൽഗോരിതം ഉടൻ തയ്യാറാക്കും.’

-പ്രൊഫ.സിസാതോമസ്,

വി.സി, ഡിജിറ്റൽ സർവകലാശാല


Source link

Related Articles

Back to top button