CINEMA

ഒഴിവാക്കിയത് 10 സെക്കൻഡ്; ദൈർഘ്യം 3 മണിക്കൂറിനടുത്ത്; എമ്പുരാന്റെ സെൻസറിങ് വിവരങ്ങൾ പുറത്ത്


സിനിമാപ്രേമികൾ‌ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്റെ സെൻസറിങ് വിവരങ്ങൾ പുറത്ത്. യു/ എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് വിവരം. ലൂസിഫർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രത്തേക്കാൾ ദൈർഘ്യമുണ്ട് പുതിയ ചിത്രത്തിന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. അതായത് 3 മണിക്കൂറോളം.ചിത്രത്തിൽ നിന്ന് 10 സെക്കന്‍ഡ് സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, 4 സെക്കന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം ആവശ്യാനുസരണം മാറ്റി ചേര്‍ത്തിട്ടുമുണ്ട്. ചിത്രത്തിന്റെ സെൻസറിങ് റിപ്പോർട്ട് ആരാധകർക്കിടയിൽ ചർച്ചയായി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാണ്. മലയാളം ഇതുവരെ കാണാത്ത സ്കെയിലിലാണ് ചിത്രത്തിന്റെ നിർമാണം എന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്നു വ്യക്തമാകുന്നത്. അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകർ കാത്തിരിക്കുന്നത്. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. 


Source link

Related Articles

Back to top button