മണപ്പുറം ഫിനാൻസിനെ സ്വന്തമാക്കാൻ അമേരിക്കൻ കമ്പനി; 10,000 കോടിയുടെ ഡീൽ? ഓഹരികളിൽ നേട്ടം

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital). ഇതു സംബന്ധിച്ച് ബെയ്നും മണപ്പുറം ഫിനാൻസുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബെയ്ൻ ഏറ്റെടുത്തേക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ഇന്ന് രണ്ടു ശതമാനത്തിലധികം നേട്ടവുമായി 209 രൂപവരെ ഉയർന്നു. നിലവിൽ എൻഎസ്ഇയിൽ വ്യാപാരം പുരോഗമിക്കുന്നത് 1.78% നേട്ടവുമായി 204.91 രൂപയിൽ. 17,344 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞവർഷം ജൂലൈ 19ന് രേഖപ്പെടുത്തിയ 230.40 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ ഒക്ടോബർ 23ലെ 138.25 രൂപയും. കഴിഞ്ഞ 3 മാസത്തിനിടെ മണപ്പുറം ഫിനാൻസ് ഓഹരിവില 30 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിനു (Asirvad Micro Finance) മേലുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഒഴിവാക്കിയതും ഓഹരിവിലയുടെ മുന്നേറ്റത്തിന് സഹായിച്ചു.
Source link