GOLD PRICE RECORD വിശ്രമം കഴിഞ്ഞു; വീണ്ടും റെക്കോർഡ് തകർത്തു തുടങ്ങി സ്വർണം, കേരളത്തിൽ ഗ്രാം വില പുത്തൻ നാഴികക്കല്ലിലേക്ക്

റെക്കോർഡ് കുതിപ്പിന് ഇന്നലെ ‘താൽകാലിക’ വിശ്രമമെടുത്ത സ്വർണവില, ഇന്നു വീണ്ടും മുന്നേറ്റപ്പാതയിൽ. കേരളത്തിൽ പുതിയ റെക്കോർഡും പിറന്നു. ഗ്രാമിന് 15 രൂപ വർധിച്ച് 7,945 രൂപയായി. 8,000 രൂപയെന്ന നാഴികക്കല്ല് വൈകാതെ മറികടക്കുമെന്നാണ് വിലയിരുത്തൽ. പവൻവില 120 രൂപ മുന്നേറി 63,560 രൂപ. ഈമാസം ആറിന് രേഖപ്പെടുത്തിയ പവന് 63,440 രൂപയും ഗ്രാമിന് 7,930 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ.18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് പുതിയ ഉയരമായ 6,515 രൂപയിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 106 രൂപ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട വ്യാപാരയുദ്ധ ഭീതിയുടെ പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നതാണ് സ്വർണവിലയുടെ മുന്നേറ്റത്തിന് മുഖ്യകാരണം. മാത്രമല്ല, ഇന്ത്യയുടെ റിസർവ് ബാങ്കും ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും ഉൾപ്പെടെ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില കൂടാനുള്ള കാരണങ്ങളിലൊന്നാണ്.
Source link