കശ്മീരിൽ ലഷ്കർ കമാൻഡർ അടക്കം 3 ഭീകരരെ വധിച്ചു

കശ്മീരിൽ ലഷ്കർ കമാൻഡർ അടക്കം 3 ഭീകരരെ വധിച്ചു – Terrorists killed in Kashmir | India News, Malayalam News | Manorama Online | Manorama News
കശ്മീരിൽ ലഷ്കർ കമാൻഡർ അടക്കം 3 ഭീകരരെ വധിച്ചു
താരിഖ് ബട്ട്
Published: November 03 , 2024 03:56 AM IST
1 minute Read
ശ്രീനഗറിലെ ഖന്യാറിലും അനന്ത്നാഗിലും ഏറ്റുമുട്ടൽ; 4 സൈനികർക്ക് പരുക്ക്
ശ്രീനഗറിലെ ഖന്യാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുന്നു. ചിത്രം: പിടിഐ
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിൽ പാക്ക് ഭീകരസംഘടന ലഷ്കറെ തയിബയുടെ കമാൻഡർ അടക്കം 3 ഭീകരരെ സുരക്ഷാസേന വധിച്ചു. ശ്രീനഗറിലെ ഖന്യാറിൽ വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തപ്പോൾ സേന നടത്തിയ പ്രത്യാക്രമണത്തിലാണു ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. 2 സിആർപിഎഫ് ജവാന്മാർക്കും 2 പൊലീസുകാർക്കും പരുക്കേറ്റു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ലാർനൂ മേഖലയിലെ ഹൽകൻ ഗലിയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെയും വധിച്ചു.
കൊല്ലപ്പെട്ട ലഷ്കർ ഭീകരൻ ഉസ്മാൻ ഒട്ടേറെ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ മസ്റൂർ വാനിയുടെ കൊലപാതകത്തിനു പിന്നിലും ഉസ്മാനാണ്. 2023 ഒക്ടോബറിൽ ഈദ്ഗാഹ് മൈതാനത്തു ക്രിക്കറ്റ് കളിക്കുമ്പോഴാണു വാനിയെ വെടിവച്ചുകൊന്നത്.
വടക്കൻ കശ്മീരിലെ ബന്ദിപ്പോരയിലുള്ള പനാർ ഗ്രാമത്തിലും ഏറ്റുമുട്ടൽ നടന്നു. സേനയ്ക്കു നേരെ വെടിയുതിർത്ത ഭീകരർ കാട്ടിലേക്ക് ഓടി മറഞ്ഞു. ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർ ലഫ്. ജനറൽ നവീൻ സച്‌ദേവ കശ്മീർ അതിർത്തി ജില്ലയായ രജൗറിയിലെത്തി സ്ഥിതി വിലയിരുത്തി.
ഒമർ അബ്ദുല്ല സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളും ഏറ്റുമുട്ടലുകളും വർധിച്ചതിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സ്വതന്ത്ര അന്വേഷണം നടത്തണമെന്നു നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിലൂടെ ഭീകരരെ വധിക്കുന്നതിനുപകരം അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യലിലൂടെ വിവരങ്ങൾ കണ്ടെത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Terrorists killed in Kashmir
5qemo953krr5epjoiptgfsct5g tariq-bhatt mo-defense-indianarmy mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-jammukashmir
Source link