2024 പാരാലിന്പിക്സിനുള്ള ഇന്ത്യൻ ടീമിനു ഗംഭീര യാത്രയയപ്പ്

പാരീസ്: 17-ാമത് പാരാലിന്പിക്സിനുള്ള ഇന്ത്യൻ ടീമിനു ഗംഭീര യാത്രയയപ്പ് നൽകി രാജ്യം. ഈമാസം 28 മുതൽ സെപ്റ്റംബർ എട്ടുവരെ പാരീസിലാണ് 2024 പാരാലിന്പിക്സ് അരങ്ങേറുക. പാരാലിന്പിക്സ് കമ്മിറ്റി ഓഫ് ഇന്ത്യയും (പിസിഐ) സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും (സായ്) ഇന്നലെ സംയുക്തമായാണ് ടീമിനു യാത്രയയപ്പു നൽകിയത്. ഭിന്നശേഷിക്കാരുടെ ഒളിന്പിക്സാണ് പാരാലിന്പിക്സ്. അംഗബലം 84 പാരാലിന്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ സംഘമാണ് ഇത്തവണ പാരീസിലേക്കു യാത്ര തിരിച്ചിരിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. 12 ഇനങ്ങളിലായി ഇന്ത്യക്കുവേണ്ടി 84 പാരാലിന്പിക് താരങ്ങൾ പാരീസിൽ മെഡൽ പോരാട്ടം നടത്തും. 2020 ടോക്കിയോ പാരാലിന്പിക്സിലായിരുന്നു ഇന്ത്യ ഇതുവരെ ഏറ്റവും വലിയ സംഘത്തെ അയച്ചത്. അന്ന് 54 താരങ്ങൾ ഇന്ത്യൻ ജഴ്സിയിൽ പോരാടി. അന്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റണ്, കാനോയിംഗ്, സൈക്ലിംഗ്, ബ്ലൈൻഡ് ജൂഡോ, പവർലിഫ്റ്റിംഗ്, തുഴച്ചിൽ, ഷൂട്ടിംഗ്, നീന്തൽ, ടേബിൾ ടെന്നീസ്, തയ്ക്വാണ്ടോ തുടങ്ങിയ ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ പാരീസിൽ മത്സരിക്കും.
മെഡൽ റിക്കാർഡ് കുറിക്കാൻ പാരാലിന്പിക്സിൽ റിക്കാർഡ് മെഡൽ നേട്ടത്തിനായാണ് ഇന്ത്യൻ താരങ്ങൾ പാരീസിൽ ഇത്തവണയെത്തുന്നത്. 2020 ടോക്കിയോ പാരാലിന്പിക്സിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയതാണ് ഒരു എഡിഷനിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. പാരാലിന്പിക്സ് ചരിത്രത്തിൽ ഇന്ത്യക്ക് ഇതുവരെ ഒന്പതു സ്വർണം, 12 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 31 മെഡലുണ്ട്.
Source link