ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്

എർലിംഗ്ടണ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ മികവിൽ കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ യുഎസ്എ 2-0ന് ബൊളീവിയയെ തോല്പിച്ചു. മൂന്നാം മിനിറ്റിൽ പുലിസിച്ച് യുഎസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിതീരും മുന്പ് പുലിസിച്ചിന്റെ അസിസ്റ്റിൽ ഫോളാരിൻ ബലോഗൻ യുഎസിന്റെ രണ്ടാം ഗോൾ നേടി. മൂന്നടിച്ച് ഉറുഗ്വെ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഉറുഗ്വെ 3-1ന് പാനമയെ തോൽപ്പിച്ചു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഉറുഗ്വെ 16-ാം മിനിറ്റിൽ മാക്സിമില്യാനോ അരൗഹോയുടെ ഗോളിൽ മുന്നിലെത്തി. ഇതോടെ ഉണർന്നു കളിച്ച പാനമ നിരവധി അവസരങ്ങൾ നഷ്ടമാക്കി. രണ്ടാം പകുതിയിൽ ഉറുഗ്വെ പിടിമുറുക്കി. 85-ാം മിനിറ്റിൽ ഡാർവിൻ നൂനസ് ഉറുഗ്വെയുടെ ലീഡ് ഉയർത്തി. 90+1-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നു വന്ന പന്തിലേക്ക് ഉയർന്നു ചാടിയ മത്യാസ് വിന ഹെഡറിലൂടെ ഉറുഗ്വെയുടെ ഗോൾ എണ്ണം മൂന്നാക്കി. 90+4ാം മിനിറ്റിൽ മൈക്കിൾ മുരിലോ പാനമയുടെ ആശ്വാസ ഗോൾ നേടി.
Source link