ആക്‌ഷൻ ഹീറോ ബിജു 2 ഉടൻ; തിരക്കഥ റെഡിയെന്ന് നിവിൻ പോളി

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏബ്രിഡ് ഷൈൻ–നിവിൻ പോളി ചിത്രം ‘ആക്‌ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രം റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുന്നുവെന്ന പ്രഖ്യാപനം. നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാർത്ത അറിയിച്ചത്.
ആക്‌ഷൻ ഹീറോ ബിജു റിലീസ് ചെയ്ത് എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ നിവിൻ ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം അന്നൗൺസ് ചെയ്തിരിക്കുന്നത്.
ഒരു പൊലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്ചകൾ ബിഗ് സ്ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കയ്യടി നേടിയ ചിത്രമാണ് ആക്‌ഷൻ ഹീറോ ബിജു. ചെറുതും വലുതുമായി ബിജു തീർപ്പാക്കിയത് എത്രയെത്ര കേസുകൾ. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ഇത്.
തിയറ്ററുകളിൽ യഥാർഥ ജീവിതത്തിലെ ആക്‌ഷൻ ഹീറോയായി എത്തിയ ബിജു പൗലോസ് പ്രേക്ഷകരെ രസിപ്പിച്ചതും ചിന്തിപ്പിച്ചതും ആവേശം കൊള്ളിച്ചതും ചെറുതായിട്ടൊന്നുമല്ല. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്‌ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്.
English Summary:
Action Hero Biju 2: Nivin Pauly Confirms Sequel
Source link