ഇനി എളുപ്പത്തിലറിയാം പിൻകോഡ്, ഡിജിപിൻ; തപാൽവകുപ്പ് പോർട്ടൽ ആരംഭിച്ചു

ന്യൂഡൽഹി ∙ ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് രാജ്യത്ത് ഏത് സ്ഥലത്തിന്റെയും പിൻകോഡ്, ഡിജിപിൻ (ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ) എന്നിവ ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം. ഇതിനുള്ള പോർട്ടൽ തപാൽവകുപ്പ് ആരംഭിച്ചു. രാജ്യത്തെ ഏതു സ്ഥലവും സൂക്ഷ്മമായി അടയാളപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് ഡിജിപിൻ. നിലവിൽ ഒരു പ്രദേശത്തെ മൊത്തമായി സൂചിപ്പിക്കാനാണ് പിൻകോഡ്. ഡിജിപിൻ വന്നതോടെ 4 മീറ്റർ വീതം നീളവും വീതിയുമുള്ള ഓരോ ചതുരക്കളത്തിനും 10 ഡിജിറ്റുള്ള ആൽഫന്യൂമറിക് കോഡ് നിലവിൽ വന്നു (ഉദാ: 829-4G7-PMJ8). കൂടുതൽ കൃത്യമായ ലൊക്കേഷൻ ഇതുവഴി ലഭിക്കുമെന്നതാണ് മെച്ചം.ദുരന്തനിവാരണം, ഇ–കൊമേഴ്സ് ഡെലിവറി അടക്കം എളുപ്പമാക്കുന്നതിനാണ് പുതിയ സംവിധാനം. സർക്കാർ വകുപ്പുകൾക്കും ഈ ഡേറ്റ വിവിധ ആവശ്യങ്ങൾക്ക് ലഭ്യമാകും. ഡിജിപിൻ ലഭിച്ചാൽ ഓഫ്ലൈനായി പോലും കൃത്യം ലൊക്കേഷൻ മനസ്സിലാക്കാൻ കഴിയും. 2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നീ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചാണ് ഡിജിപിൻ.എങ്ങനെ അറിയാം?∙ dac.indiapost.gov.in എന്ന വെബ്സൈറ്റിൽ പിൻകോഡ് അറിയാനായി Know your pincode ഉപയോഗിക്കുക. ഡിജിപിൻ അറിയാൻ Know your DIGIPIN എന്ന ഓപ്ഷനും.
Source link